അക്കിക്കാവ്: പെരുമ്പിലാവ് അക്കിക്കാവിൽ വീടിനു തീപിടിച്ച് ലക്ഷങ്ങളുടെ നാശം. അക്കിക്കാവ് സ്വദേശി തറമേൽ മാധവന്റെ വീടാണു പൂർണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന പ്രായമായവർ ഉൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
രാത്രി പത്തരയോടെ വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻതന്നെ പുറത്തേയ്ക്ക് ഓടിയിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം തീ വീടു മുഴുവൻ ആളിപ്പടർന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കുന്നംകുളം അസി. സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണു തീ പൂർണമായും അണച്ചത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുപകരണങ്ങളും രേഖകളും ഉൾപ്പെടെ വീട്ടിലെ സകല സാധനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.